കാരൂര്‍ സോമന്
പൂത്തുക്കിടക്കുന്ന കുട്ടനാടന്‍ നെല്പാടങ്ങളള് പോലെയാണ് സ്പാനിഷ് കൃഷിഭൂമി. വലന്സിയയിലേക്കുളള യാത്രയില്‍ ഞാന്‍ കണ്ട താഴ്വാരങ്ങളിലൊന്നും നെല്പാടങ്ങള് നിരന്നുകിടന്നിരുന്നില്ല. പകരം വയ്ക്കാനില്ലാത്ത ചെറു കാറ്റില്‍ തണുപ്പിന്റെ ആര്‍ജവത്വം മൃദുമന്ദഹാസം സമ്മാനിച്ചു. ഞാന്‍ വലന്‍സിയയുടെ ഹൃദയം കവര്‍ന്നെടുക്കുകയായിരുന്നു.
മുറ്റത്ത് പെറുക്കിയെടുക്കാവുന്ന മഞ്ചാടിക്കുരു പോലെ വിരിഞ്ഞു മലര്‍ന്നു കിടക്കുന്നു ഗുല്‍മോഹര്‍ പുഷപങ്ങള്‍. ഇതിന് ഇവിടെ മറ്റ് എന്തോപേരാണ് നല്‍കിയിരിക്കുന്നത്. മൂന്നാറിന്റെ മലഞ്ചെരിവില്‍ ഉത്തര്‍ഖണ്ഡിന്റെ വിരിമാറില്‍ ഹിമാവാനു തൊട്ടുതാഴെ മാത്രം കാണുന്ന ഈ പുഷ്പവിഹാരങ്ങള്ക്ക് എവിടെ നിന്ന് ഈ സൗന്ദര്യം കിട്ടിയെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ആ ആശ്ചര്യം ഇതാ ഇപ്പോള്‍ പുനര്‍ജ്ജനിക്കുന്നു. അറിയാവുന്ന സ്പാനിഷ് ഭാഷയില്‍ അടുത്തു കണ്ടവരോട് തിരക്കി, ഈ പുഷ്പങ്ങളെ നിങ്ങള്‍ എന്താണ് വിളിക്കുന്നതെന്ന്. പക്ഷേ ആര്‍ക്കും മറുപടിയുണ്ടായിരുന്നില്ല.
മഞ്ഞക്കാടുകള്‍ യൂറോപ്പിലെ ഗ്രാമങ്ങളില്‍ ചില കാസിലുകള്‍ അവയുടെ നടുവില്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. മാഡ്രിഡില്‍ നിന്നു ബാഴ്സയിലേക്കുളള യാത്രയില്‍ ഒരു പൂമ്പാറ്റക്കുരുന്നിനെ എന്നതുപോലെ എന്നോടൊപ്പം പറന്നടുത്തു. അരികില്‍ വന്നിരുന്നതാണ് ഈ മഞ്ഞപ്പൂവ്. ഞാന്‍ അതെടുത്തു. കണ്ടപ്പോള്‍ ഫ്രഞ്ചുകാരനാണെന്നു തോന്നി. അതുകൊണ്ട് ഫ്രഞ്ചില്‍ അഭിവാദ്യം നടത്തി. അയാള്‍ നല്ല ശുദ്ധമായ ഇംഗ്ലീഷില്‍ പറഞ്ഞു. ഇത്തിരികഴിയുമ്പോള്‍ മുഖത്ത് നീരുവന്നതുപോലെ വീക്കം വരും, ഈ പൂവ് അധികമെടുത്ത് ഓമനിക്കണ്ട. നിമിഷാര്ദ്ധങ്ങള്ക്കുളളില് ശുണ്ഠി എന്റെ മുഖത്ത് സൂര്യകാന്തി പൂവ് പോലെ വിരിഞ്ഞുവന്നു. മറുമരുന്നിനെക്കുറിച്ച് അയാള്‍ക്കും അറിവില്ലായിരുന്നു. പറ്റിയ അബദ്ധത്തെക്കുറിച്ച് എന്നോടു പറഞ്ഞുവെന്നു മാത്രം.
ഈ വെളളച്ചാട്ടം നോക്കിയിരിക്കാനുളള ആഗ്രഹമുണ്ടായത് കേരളത്തിലെ കൊച്ചരുവികളോടുളള സ്നേഹത്തില്‍ നിന്നാണെന്ന് തോന്നുന്നു. ഈ വെളളത്തില്‍ ഞാന്‍ കാലിറക്കി വയ്ക്കുന്നു. വലന്‍സിയയുടെ തെക്കുഭാഗത്തുളള ഈ ഗ്രാമത്തില്‍വച്ചാണ് കാഴ്ചയില്‍ ജീന്‍വാല്‍ ജീനിനെ പോലെ തോന്നിക്കുന്ന ഈ റഷ്യക്കാരനെ പരിചയപ്പെടുന്നത്. രണ്ടുപേര്‍ക്കും സ്പാനിഷ് ഭാഷ നല്ല് വശമില്ലായിരുന്നു. അയാള്‍ക്ക് ഇംഗ്ലീഷും കാര്യമായി അറിയിരുന്നു. നല്ല വിശപ്പുമുണ്ട്. അങ്ങനെ കുളികഴിഞ്ഞ് ഭക്ഷണം കഴിക്കാമെന്നു വ്യാമോഹിച്ച് ഈ കുളക്കടവില്‍ കാലും നീട്ടിയിരുന്നു. പക്ഷേ, മൂക്കിലേക്ക്, നാസാഗ്രന്ഥികളെ തുളച്ചുകയറുന്ന ഒരു മണവും പ്രത്യക്ഷപ്പെട്ടില്ല. വിശപ്പിന്റെ വലച്ചിലില്‍ ഇത്തിരി വെളളം കോരി കുടിച്ചാലോ എന്നു ചിന്തിക്കുമ്പോഴാണ് അയാള്‍ പോക്കറ്റില്‍ നിന്ന് ഒരു പായ്ക്കറ്റ് തുറന്ന് അതില്‍ നിന്ന് കുറച്ച് പ്ലം പഴങ്ങള്‍ തന്നത്.
മലര്‍ന്നു കിടന്നു നക്ഷത്രങ്ങള്‍ കണ്ട മാഡ്രിഡിലെ രാത്രി, കടലിനെ വിളക്കുമാടത്തില്‍ നിന്നുളള ശോഭയാര്‍ന്ന പ്രകാശ സൂചിക പോലെ നക്ഷത്രങ്ങള്‍ എനിക്ക് വഴികാട്ടിയായി നിന്നു. തണുപ്പ് സത്യത്തില്‍ ഹ്യദയത്തിലായിരുന്നു. നിലത്ത് ഓടുകള്‍ പാകിയിരുന്നു, തെരുവുകളിലെ വെളിച്ചത്തിന് അഭൗമികമായ ഒരു സൗന്ദര്യം തോന്നി. ഉണര്‍ന്നപ്പോള്‍ മാഡ്രിഡിലെ മോട്ടിലിലായിരുന്നു. ആവി വറ്റിയ കെറ്റില്‍ മുറിയില്‍ പുകഞ്ഞുകൊണ്ടിരുന്നു, എന്റെ മനസും!!
ഗ്രാമങ്ങളിലേക്ക് ഇറങ്ങാന്‍ വെമ്പിയ മനസുമായി പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി. വലിയ ഞണ്ടുകളും അവയെ വിദഗ്ദ്ധമായി തീന്മേശയിലെത്തിക്കുന്ന ചെറുകുടകളും ഞാന്‍ ആദ്യമായി ഇവിടെ തീരത്ത് കണ്ടു. നാവികരുടെ നീണ്ട തൊപ്പി അഴയില്‍ തൂക്കിയിട്ടിരിക്കുന്ന മുക്കുവക്കുടിലുകള്‍. അവര്‍ സഞ്ചരിക്കുന്ന കാറുകള്‍ കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി. കാറുകള്‍ വെറും വാഹനങ്ങളല്ല, അവ ഓരോരുത്തരുടെയും മനസാണ്.
ചരിത്രവചനങ്ങളില് ഒരിടത്ത്, ഒരു വൈകുന്നേരം കാറ്റേറ്റ് ഇരിക്കവേ ഞാന്‍ വായിച്ചു. നീണ്ട പോരാട്ടങ്ങള്‍ക്കുശേഷം ലെബിരിയന്‍ പെനിന്‍സുല റോമന്‍ സാമ്രാജ്യത്തിന് കീഴിലായി. ഈ പ്രദേശം ഹിസ്പാനിയ എന്നറിയപ്പെട്ടു. മദ്ധ്യകാലത്ത് ഈ പ്രദേശം ജര്‍മ്മന്‍കാരുടെ കൈയിലായിരുന്നെങ്കിലും പിന്നീട് മുസ്ലീംപോരാളികള് അധീനതയിലാക്കി. പതുക്കെ ക്രിസ്ത്യന്‍ രാജ്യങ്ങളെല്ലാം മുസ്ലിം ഭരണത്തിന് കീഴിലായി. പതിനാറാം നൂറ്റാണ്ടിലെ ശക്തമായ രാജ്യമായി സ്പെയിന് മാറി. ഫ്രഞ്ച് ആക്രമണം സ്പെയിനെ അസ്ഥിരമായ അവസ്ഥയിലെത്തിച്ചു. ഇതുമൂലം സ്പെയിനില്‍ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചു. ഇരുപതാം നൂറ്റണ്ടില്‍ വലിയ ആഭ്യന്തര യുദ്ധം സ്പെയിനില്‍ നടന്നു. അനന്തരം സ്വേച്ഛാതിപരമായ ഒരു ഭരണത്തിന് കീഴിലായി സ്പെയിന് പിന്നീട. ഇത് പൂര്‍വചരിത്രത്തിന്റെ താക്കോലെഴുത്ത്.
ഗ്രനേഡയും ബില്ബായോയും സന്ദര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും പാസ്പോര്‍ട്ട് കൂടെ കരുതുന്നത് നല്ലതായിരിക്കും. ഇവിടെ വച്ചാണ് ഞാന്‍ ഒരു മുത്തശ്ശിയെ പരിചയപ്പെടുന്നത്. അവരുടെ പേര് പലതവണ ചോദിച്ചിട്ടും എന്റെ നാക്കിനു വഴങ്ങിയില്ല. അവര്‍ക്ക് കാര്യമായ ഇംഗ്ലീഷ് വശമില്ല. അവര്‍ പറയുന്നത് സ്പംഗ്ലീഷാണെന്നു ഉറപ്പിച്ചുകൊണ്ട് ചോദിച്ചു. എങ്ങനെയാണ് ജീവിച്ചു പോരുന്നത്. അവര്‍ പറഞ്ഞു, നല്ല പ്രായത്തില്‍ അവര്‍ ഗ്രനേഡയിലെ മലഞ്ചെരുവില്‍ ആടിനെ മേയ്ക്കാന്‍ പോയി. മക്കളായപ്പോള്‍ അവര്‍ക്ക് അന്നം തേടി നഗരത്തിലെ ഹോട്ടലില്‍ പാത്രം കഴുകാന്‍ എത്തി. മക്കള്‍ വളര്‍ന്നതോടെ, അവരെ ആര്‍ക്കും വേണ്ടാതായി. രണ്ടു മക്കള്‍ ഗ്രനേഡയില്‍ തന്നെയുണ്ട്. മലമടക്കുകളില്‍ മഞ്ഞുപൊഴിയുമ്പോള്‍ അവര്‍ ഓരോന്ന് ഓര്‍ക്കുമായിരിക്കും.
കാര്‍ത്തഹീനയില്‍ അലയവേ, വിശപ്പ് ഒരു ചുഴലിക്കൊടുങ്കാറ്റായി. ആദ്യം കണ്ട റെസ്റ്റാറന്റില്‍ കയറി. മീനിന്റെ ചാറിനുളളില് വേവിച്ച ചോറു കണ്ടപ്പോള്‍ ശരിക്കും ചാരുംമൂട്ടിലെ വീടാണ് ഓര്‍മ്മ വന്നത്. പാതി വായിച്ചു നിര്‍ത്തിയ ജനറല്‍ ഫ്രാങ്കോയുടെ സ്വേച്ഛാധിപതിയുടെ കഥകള്‍ മറന്നു. അയാളായിരുന്നു, കാര്ത്തഹീനയിലെ ഹിറ്റലര്‍. അലികാന്തക്കൊപ്പം കാര്ത്തഹീനയും പിടിച്ചുവച്ച ഫ്രാങ്കോ 1936-39 കാലത്തെ ആഭ്യന്തരയുദ്ധത്തില്‍ വീണുപോയി. അന്ന് നാവികപ്പടയുടെ മുഖ്യതാവളം കാര്ത്തഹീനയായിരുന്നു. അന്ന് ഇന്ത്യയിലും കാര്യമായി സ്വാതന്ത്ര്യ യുദ്ധം നടക്കുന്ന സമയം. അവിടെ നിന്നപ്പോള്‍ സ്പെയിനിന്റെ മൃഗതൃഷ്ണയുടെ ദയരഹിതമായ കൊലവിളിയുടെ വീര്‍പ്പിക്കുന്ന മുഖത്തണുപ്പില് ഹ്യദയം ചുളിഞ്ഞു. അയാളും വരുന്നുണ്ട്, നെവ്ദയിലേക്ക്. അയാള്‍ സ്പാനിഷില്‍ എന്തൊക്കയൊ പറയുന്നുണ്ട്. ഒടുവില്‍ ശല്യം സഹിക്കവയ്യാതെ ഞാന്‍ കൈകൂപ്പികൊണ്ട് പറഞ്ഞു. നോ സ്പാനിഷ്, നോ ഫ്രഞ്ച്, നോ ഇറ്റാലിയന്‍, നോ ജര്‍മ്മന്‍….ഓണ്‍ലി ഇംഗ്ലീഷ്, അയാള്‍ അന്തം വിട്ടുനിന്നു, പിന്നെ മൃദുവായി ചോദിച്ചു- സര് മലയാളിയാണ് അല്ലേ? ഞാന്‍ നില്‍ക്കുന്നിടത്ത് ഭൂമി ഒന്നു വിറച്ചോ എന്നു സംശയം! നെവ്ദിയിലെ ബസില്‍ എന്നോട് ചേര്‍ന്ന് ഒരു സീറ്റില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് നാളുകള്‍ക്കുശേഷം ആര്‍ത്തിയോടെ നല്ല പച്ച മലയാളം പറഞ്ഞു…. ദൂരെ നെവ്ദ, ഞങ്ങളെയും കാത്ത് അനുസരണയുളള പൂച്ചക്കുട്ടിയെപോലെ പതുങ്ങിക്കിടന്നു.