ഇന്നലെ പുലർച്ചെയായിരുന്നു അപകടം. പഴം, പച്ചക്കറി വ്യാപാരിയായ നൗഷാദും സഹായിയായ അനുവും ചരക്കെടുക്കാൻ തമിഴ്‌നാട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന നൗഷാദ് ഉറങ്ങിപ്പോവുകയും നാഷണൽ പെർമിറ്റ് ലോറിയുടെ പിന്നിൽ ഇടിച്ച് കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നൗഷാദിന്റേയും സുഹൃത്തിന്റേയും മൃതശരീരങ്ങൾ ഇപ്പോഴും തിരുന്നൽവേലിയിലെ ആശുപത്രിയിലാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. അതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്‌കാര ചടങ്ങുകളെകുറിച്ചും മറ്റും ഇതിന് ശേഷം മാത്രമേ ബന്ധുക്കൾ തീരുമാനമെടുക്കൂ. ഹസീനയാണ് നൗഷാദിന്റെ ഭാര്യ രണ്ട് പെൺ മക്കളാണ് നൗഷാദിന അൻസ, ഹന്ന.

തിങ്കളാഴ്ച ഇളയമകൾ ഹന്നയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച ശേഷം ഇന്നലെ പുലർച്ചെ പച്ചക്കറിയെടുത്ത് കേരളത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് നൗഷാദ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടുവെന്നത് ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ. പഴവർഗങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്കു വിറ്റതിനു കച്ചവടക്കാർ നൗഷാദിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്കു വിൽക്കുന്നവരാണ് കേസ് കൊടുത്തതെന്ന നൗഷാദിന്റെ ഫേസ്‌ബുക്ക് പ്രതികരണം നേരത്തെ വൈറലായിരുന്നു. ആര് കേസ് കൊടുത്താലും വില കുറച്ചേ വിൽക്കൂ എന്ന പോസ്റ്റ് 11 ലക്ഷത്തോളം പേരാണ് കണ്ടത്.

നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ദുരൂഹതകളുണ്ടോ എന്ന ചോദ്യത്തിന് കായംകുളം പൊലീസിൽ നിന്ന് ലഭിച്ച മറുപടി ഇല്ല എന്നായിരുന്നു. മുൻപ് പല പ്രശ്‌നങ്ങളും നിലനിന്നിരുന്നെങ്കിലും ഇത് ശരിക്കും അപകട മരണമാണെന്ന വിലയിരുത്തലാണ് കായംകുളം പൊലീസിനുള്ളത്. നൗഷാദിന്റെയും സുഹൃത്തിന്റേയും മൃതശരീരങ്ങൾ ഏറ്റ് വാങ്ങുന്നതിനായി ബന്ധുക്കൾ തിരുന്നൽവേലിയിലേക്ക് പോയിറ്റുണ്ട്. അതേസമയം നൗഷാദിന്റെ മരണവാർത്തയറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലുൾപ്പടെ അനുശോചന പ്രവാഹമാണ്. മകളുടെ പിറന്നാളിന് ആശംസകൾ അറിയിച്ചതിന് പിന്നാലെ നൗഷാദിന് ആദരാഞ്ജലികൾ അർപ്പിക്കേണ്ടി വന്നതിലെ വിഷമമാണ് നൗഷാദിന്റെ ഫേസ്‌ബുക്ക് സുഹൃത്തുക്കൾ പങ്കുവെയ്ക്കുന്നത്.

നൗഷാദ് ആൻഡ് കമ്പനിയെന്നാണ് കായംകുളം മാർക്കറ്റിലെ ഇയാളുടെ സ്ഥാപനത്തിന്റെ പേര്. കൊള്ളലാഭം തനിക്ക് വേണ്ട, എല്ലാം ഒറ്റയ്ക്ക് തിന്നണമെന്ന് വാശിയുള്ള ചില കച്ചവടക്കാർ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്നിങ്ങനെയാണ് നൗഷാദ് വീഡിയോയിൽ പറയുന്നത്. വിലകുറച്ച് വിൽക്കുന്ന നൗഷാദിനെ അഭിനന്ദിക്കുന്നതിനൊപ്പം കൂടുതൽ സ്ഥലങ്ങളിൽ കച്ചവടം തുടങ്ങണമെന്നും ആവശ്യം ഉയർന്നിരുന്നു. കൊള്ളലാഭം കൊയ്ത് നാട്ടുകാരെ പറ്റിക്കുന്ന കച്ചവടക്കാർക്ക് നൗഷാദ് ഒരു തിരിച്ചടിയാണെന്ന വിലയിരുത്തലാണ് നിലനിന്നിരുന്നത്.ഇതോടെ കായംകുളം മാർക്കറ്റിൽ നൗഷാദിന്റെ ശത്രുക്കൾ വർദ്ധിക്കുകയും ചെയ്തു. ഇതിനിടെയാണ് ദുരൂഹതകൾ ബാക്കിയാക്കികൊണ്ട് നൗഷാദിന്റെ അപകട മരണ വിവരം എത്തുന്നത്.

വെറുമൊരു കച്ചവടക്കാരനായിരുന്നില്ല നൗഷാദ്. സോഷ്യൽ മീഡിയയുടെ സാധ്യത തിരിച്ചറിഞ്ഞ സാധാരണക്കാരൻ. അതിലൂടെ നിരന്തരം ആശയ സംവാദം നടത്തി. വിപണിയിലെ ചതിയും കളവും തുറന്നു കാട്ടി. ഇതിനൊപ്പം സാമൂഹിക മേഖലയിലും സജീവമായി. തന്റെ കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ചെറിയ ലാഭവും നൗഷാദ് പൂർണ്ണമായും വീട്ടിൽ കൊണ്ടു പോയില്ല. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സാധനങ്ങളുമായി അശരണർക്ക് താങ്ങാവാനും എത്തി. പത്തനാപുരം ഗാന്ധി ഭവനും ചില അനാഥാലയങ്ങളിലുമെല്ലാം ഓറഞ്ചും ആപ്പിളുമായി അന്തേവാസികളുടെ വേദന പങ്കുവയ്ക്കാൻ നൗഷാദ് എത്തുമായിരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും മനുഷ്യസ്‌നേഹിയായിരുന്നു നൗഷാദ്. അതുകൊണ്ട് തന്നെയാണ് ഈ വിടവാങ്ങൽ മനുഷ്യസ്‌നേഹികൾക്ക് മൊത്തം വേദനയാകുന്നതും.

എല്ലാവരേയും പ്രത്യേക രീതിയിൽ തന്റെ കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കച്ചവടം. തമിഴിലും മലയാളത്തിലും എല്ലാം അനൗൺസ്‌മെന്റ്. കൊള്ളയ്ക്കും പൂഴ്‌ത്തിവയ്‌പ്പിന് എതിരെ മൈക്കിലൂടെ സംസാരിക്കും. ഓണത്തിനും റംസാനും വരെ ആളുകളെ പിഴിയുന്നവർക്കെതിരെ അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന തരത്തിൽ ഞാൻ ചെയ്യും. ഒരു കിലോ വെള്ളരിയുടെ ഇരുപത് രൂപ… അങ്ങനെ ഓരോ സാധനത്തിന്റേയും വില മൈക്കിലൂടെ അനൗൺസ്‌മെന്റ് ചെയ്തുമായിരുന്നു കച്ചവടം.

Related News

കായംകുളത്തെ ആം ആദ്മി പച്ചക്കറി കച്ചവടക്കാരനായ നൗഷാദിക്ക കൊല്ലപ്പെട്ടതോ ?